ശാരദ (കഥ)
ഗേയ്റ്റിനു മുമ്പിലുള്ള ഭാഗം പനമ്പിന്‍റെ കോല്‍ച്ചൂല്‍ കൊണ്ടു വൃത്തിയാക്കിക്കൊണ്ടിരിയ്ക്കെ ഫോണടിയ്ക്കുന്ന ശബ്ദം കേട്ടുവെന്നു തോന്നി.
അല്‍പ്പം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍...
ശാരദ.
മുടി എണ്ണ പുരട്ടി നെറുകയില്‍ കെട്ടി വച്ചിരിക്കുന്നു. മുഖത്തും കൈകളിലും എണ്ണ. കുളിക്കാനുള്ള പുറപ്പാടാണ്.
"കാര്യമായ അധ്വാനമാണല്ലോ, ഇതെന്താ ഇന്നിങ്ങനെ?" അവൾ ചോദിച്ചു.
അവള്‍ മുറ്റമടിച്ചു കഴിയുമ്പോഴേ ഞാനുണര്‍ന്നെഴുന്നേറ്റു വരാറുള്ളൂ. അതാണു സൂചന. "ഓണമല്ലേ മറ്റെന്നാള്‍."
"അസ്സലായിട്ടുണ്ട്."
പ്രശംസ എനിക്കിഷ്ടമാണെന്നവള്‍ക്കറിയാം. പക്ഷേ പിശുക്കോടെ മാത്രമേ അവളതു പുറത്തെടുക്കാറുള്ളു. ഞാന്‍ തെല്ലൊരു സംശയത്തോടെ ചോദിച്ചു, "ആരായിരുന്നു ഫോണിൽ?"
"അമ്മ."
ഞാന്‍ അടിയ്ക്കല്‍ നിറുത്തി. പ്രശംസയുടെ രഹസ്യം മനസ്സിലായി. "ഓഹോ, വിളി വന്നു, ഇല്ലേ?"
അവൾ മിണ്ടിയില്ല. ചിരിയ്ക്കുന്ന കണ്ണുകൾ.
"എപ്പോഴായിരിയ്ക്കും ഹാജരാകേണ്ടത്?" പരിഹാസം വളരെ വ്യക്തമായിരുന്നു എന്‍റെ ശബ്ദത്തിൽ.
"നാളെ വൈകീട്ട്." അവൾ ചിരിച്ചു. എന്‍റെ പരിഹാസം ശ്രദ്ധിയ്ക്കുക പോലും ചെയ്യാത്ത ഒരേ ഒരു വ്യക്തി ഇവളാണ്.
"അപ്പൊ മറ്റെന്നാളത്തെ ഓണമോ?" എനിയ്ക്കു ശുണ്ഠി കയറി.
"രാവിലെ പത്തു മണിക്കുള്ളില്‍ ഞാനിങ്ങെത്തും. ഊണ് നമ്മളൊരുമിച്ച്."
ഞാന്‍ മിണ്ടിയില്ല.
അവള്‍ പോകുന്നതെനിക്കിഷ്ടമല്ല. അതവള്‍ക്കറിയാം.
തനിച്ചു താമസിയ്ക്കുന്ന അമ്മയുടെ കൂടെ ഓണത്തിനു മുമ്പൊരു ദിവസം അവൾ കഴിയുന്നതു തടസ്സപ്പെടുത്തുന്നത് സ്വാര്‍ത്ഥതയാണ്, സമ്മതിയ്ക്കുന്നു. ‘മെയില്‍ ഷോവിനിസ’മെന്നോ പുരുഷമേധാവിത്വമെന്നോ ഒക്കെ പറഞ്ഞോളൂ. പക്ഷേ അവളില്ലെങ്കില്‍ ശ്വാസം മുട്ടിയ്ക്കുന്നൊരു അപരിചിതത്വം വീട്ടിലെ ഓരോ മുറിയിലും പരന്നതായി തോന്നും. അവളുടെ മൂളിപ്പാട്ടും ഒച്ചയനക്കങ്ങളും ഇല്ലാത്ത വീട് വീടല്ല.
"പൊയ്ക്കോട്ടേ?"
ഇല്ല, ഇതു ശരിയാവില്ല. ഇത്തവണ വിടുന്ന പ്രശ്നമേയില്ല. ഞാനുറപ്പിച്ചു.
"പത്തു മണി വരെ മാത്രം." വീണ്ടുമവൾ.
ഞാന്‍ പുറം തിരിഞ്ഞു നിന്നു. വഴങ്ങിക്കൊടുക്കരുത്.
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കൈത്തണ്ട മേല്‍ ഒരു മൃദുസ്പര്‍ശം.
ഇതപകടമാണ് !
ഞാൻ അറിയാതെ തന്നെ തല തിരിച്ചൊന്നു നോക്കിപ്പോയി.
അവൾ കണ്ണിലേയ്ക്കു തന്നെ ഉറ്റു നോക്കിക്കൊണ്ടു നില്‍ക്കുന്നു. ഉള്ളിലുള്ളതു മുഴുവന്‍ വായിച്ചെടുക്കുന്ന നോട്ടം!
ഒരു നിമിഷം തമ്മില്‍ത്തമ്മില്‍ നോക്കിനിന്നു.
രണ്ടുപേരും പൊട്ടിച്ചിരിച്ചത് ഒരുമിച്ചായിരുന്നു.
No comments:
Post a Comment